ചേരാനല്ലൂർ അപകടം: പൊലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്

തിരുവനന്തപുരം: ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ പൊലീസിന്റെ ഗുരുതര വീഴ്ചകൾ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്. കേസ് രജിസ്റ്റർ ചെയ്യുന്നതിലും വകുപ്പുകൾ ചുമത്തുന്നതിലും പിഴവുണ്ടായെന്നും പരാതിക്കാരുടെ ഫോണിൽനിന്ന് അപകടദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ഉത്തരവിൽ പറയുന്നു.

ഗ്രേഡ് എസ്.ഐ കെ.ടി. മനോജും സീനിയർ സി.പി.ഒ അരുൺ ജോസിയുമാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചതെന്നാണ് സസ്പെൻഷൻ ഉത്തരവിലെ പരാമർശം. ബി.എൻ.എസ് 105-ാം വകുപ്പ് ചുമത്താൻ സാഹചര്യമുണ്ടായിട്ടും മനഃപൂർവം ഒഴിവാക്കിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അപകടക്കേസിൽ പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെയും പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്തയാൾ വാഹനാപകടം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേസമയം, ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി രണ്ടിൽനിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്കാണ് ഹർജി മാറ്റിയത്.

17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തേ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്.

അപകടമുണ്ടാക്കിയ വിദ്യാർഥി സ്ഥിരമായി കാർ ഓടിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 17കാരൻ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related news

ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെ...

കേരളീയം 2026 പുരസ്കാരം; ആതവനാട് പഞ്ചായത്ത് പ്രസിഡന്റിന് സംസ്ഥാനതല അംഗീകാരം

മലപ്പുറം: ഭരണരംഗത്തും പൊതുപ്രവർത്തനത്തിലും മികവ് തെളിയിച്ച ജനപ്രതിനിധികളെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഡോ....

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരം: സമരപ്പന്തലിലെത്തി വി. മുരളീധരനും ആർ. ശ്രീലേഖയും

തിരുവനന്തപുരം: എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ദേശീയതലത്തിൽ...

പി എസ് സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേരള...

വിജിലൻസ് ടി സെക്ഷന് വിവരാവകാശ പരിധിയിൽ ഇളവ്; വിജ്ഞാപനത്തിന് സ്റ്റേയില്ല

കൊച്ചി: വിവരാവകാശ പരിധിയിൽനിന്ന് വിജിലൻസ് ടി സെക്ഷനെ ഒഴിവാക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല....