കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുസ്‌ലിം ലീഗ് വനിതാ എംഎൽഎ ഫാത്തിമ തഹ്ലിയ. സ്ത്രീശാക്തീകരണ വിഷയത്തിൽ തന്റെ പഴയ നിലപാടിൽ മാറ്റമില്ലെന്നും തഹ്ലിയ വ്യക്തമാക്കി.
‘എന്നും സ്ത്രീശാക്തീകരണത്തിനായി സംസാരിക്കുന്ന ആളാണ് താൻ. സ്ത്രീശാക്തീകരണ വിഷയത്തിൽ പഴയ നിലപാടിൽ മാറ്റമില്ല. അതിനുവേണ്ടിയാണ് നിലകൊള്ളുന്നത്. കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ല’ എന്നാണ് മാധ്യമങ്ങളോട് ഫാത്തിമ തഹ്ലിയ പറഞ്ഞത്.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഫാത്തിമ തഹ്ലിയ പ്രതികരിക്കാതിരുന്നതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്ത് കൂടിയായ ഫാത്തിമ തഹ്ലിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം.
സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും എങ്കിൽ മാത്രമേ പുരോഗതിയുണ്ടാകൂവെന്നും ചിന്ത ജെറോം പറഞ്ഞിരുന്നു.
അതേസമയം, സ്ത്രീ വിരുദ്ധ പരാമർശത്തിൽ വ്യാപക വിമർശനം ഉയർന്നിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ആരെതിർത്താലും മതനിയമങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്നും പ്രവാചകൻ കാണിച്ചുതന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കാന്തപുരം പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് നടന്ന മർകസ് മിലാദ് സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദമായത്. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിലെ പ്രധാന നിർദേശം.
ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് ഫാത്തിമ തഹ്ലിയ വ്യക്തമാക്കുന്നത്.




