പത്തനംതിട്ട: ആറന്മുളയിൽ ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതൽ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി അബിൻ വർഗീസ് എംഎൽഎ. ഹൈക്കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ എംഎൽഎ, അതേസമയം വിധിയുമായി ബന്ധപ്പെട്ട് പരോക്ഷ വിമർശനവും ഉന്നയിച്ചു. പ്രളയകാലത്ത് ആറന്മുളയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കാനായി രംഗത്തെത്തിയത് ഈ ഓഫ് റോഡ് വാഹനങ്ങളുടെ ഉടമകളായിരുന്നുവെന്ന് അബിൻ വർഗീസ് പറഞ്ഞു. നിരുപാധികം താൻ അവർക്കൊപ്പം നിൽക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
പ്രളയസമയത്ത് സഹായമെത്തിക്കാൻ പോയ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് അനുചിതമായ നടപടിയായിരുന്നുവെന്നാണ് അബിൻ വർഗീസിന്റെ വിശദീകരണം. ഇതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് വാഹനത്തിന്റെ പിഴ അടച്ചതെന്നും താൻ വാഹന ഉടമകൾക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു.
അനൗചിത്യപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് നടപടിയുണ്ടായെന്നും എംഎൽഎ വ്യക്തമാക്കി. ഓഫ് റോഡ് വാഹനത്തിന് കൂടുതൽ പിഴ ചുമത്തിയ ഹൈക്കോടതി തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അബിൻ വർഗീസ് പറഞ്ഞു. എന്നാൽ, ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി അഭിഭാഷകർ നടത്തിയ വള്ളസദ്യയ്ക്ക് ശേഷം മടങ്ങുന്നതിനിടെ കഴുത്തറ്റം വെള്ളത്തിൽ നിന്നിരുന്ന ഹൈക്കോടതിയിലെ ഉന്നത വ്യക്തിത്വങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കായി ഇത്തരം ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ചപ്പോൾ തന്റെ മുന്നിൽ ലൈറ്റുകളുടെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ ആയിരുന്നില്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു.
ആറന്മുളയിലെ ഓഫ് റോഡ് വാഹനവുമായി ബന്ധപ്പെട്ട പിഴ നടപടിയും തുടർന്നുണ്ടായ ഹൈക്കോടതി ഇടപെടലും ഇതിനോടകം വലിയ ചർച്ചയായ സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രതികരണം.
അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….
പ്രിയപ്പെട്ടവരെ,
ഓഫ് റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതല്‍ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി എന്നെയും ആ വാഹന ഉടമയെയും വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു.
ജൂലൈ 31 രാത്രിയാണ് പത്തനംതിട്ടയെ പ്രളയം മുക്കുന്നത്. ഞാന്‍ രാവിലെ ആറന്മുള ക്ഷേത്രത്തിന് അടുത്ത് എന്റെ വണ്ടിയില്‍ ചെന്ന് നടന്നു പോയതാണ്. പക്ഷെ ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെയാകെ വെള്ളം പൊങ്ങി ഒഴുക്ക് കാരണം സാധാരണക്കാര്‍ ഉള്‍പെടെയുള്ളവര്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഈ അവസരത്തില്‍ ജനങ്ങളെ രക്ഷിക്കാന്‍ സ്വയം സന്നദ്ധരായി ഇറങ്ങിയ ആറന്മുള സ്വദേശികളായ കപ്പിള്‍സ് ആണ് അമലും ഭാര്യ ആര്‍ദ്രയും. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു.
തുടര്‍ന്നുള്ള 3 ദിവസവും ഈ പ്രവര്‍ത്തി അവര്‍ തുടര്‍ന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി എന്നിവിടങ്ങളില്‍ ആകെ വെള്ളം കയറി കിടക്കുന്ന ദൃശ്യം ലോകം മുഴുവന്‍ കണ്ടതാണ്. ജില്ലയില്‍ വെള്ളം കയറാത്ത, ജനങ്ങള്‍ക്ക് എത്തി ചേരാന്‍ പറ്റുന്ന ഒരേയൊരു ടൗണ്‍ അടൂര്‍ ആയിരുന്നു. അമലും ആര്‍ദ്രയും അവിടെ സാധനങ്ങള്‍ മേടിക്കാന്‍ വേണ്ടി പോയപ്പോള്‍ എം.വി.ഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. അമല്‍ പറയുന്നു താന്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ സാധനങ്ങള്‍ മേടിക്കാന്‍ അടൂരില്‍ വന്നതാണ് എന്ന്..
‘ നിന്നോട് ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ ‘
ഇതായിരുന്നു എം.വി.ഡിയുടെ മറുപടി
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആറന്‍മുളക്കാരന്‍ ആയ ഒരാള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
- ആ വാഹനത്തിന് ചുമത്തിയ പിഴ തുകയായ 5250 രൂപ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചു.
- വണ്ടിയില്‍ ഉണ്ടായിരുന്ന എക്‌സ്ട്രാ ലൈറ്റുകള്‍ നീക്കം ചെയ്ത് അതിന്റെ വീഡിയോ എടുത്ത് എം.വി.ഡിക്ക് അയച്ചു കൊടുത്തു.
- ഞാന്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണുമായി സംസാരിച്ചു. അനൗചിത്യപരമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടികള്‍ ഉണ്ടായി.
പക്ഷെ ഒരു മാസത്തിനു ശേഷം,
ബഹു. ഹൈക്കോടതി 2024ല്‍ പരിഗണിക്കുന്ന മോഡിഫിക്കേഷന്‍ ആയി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ സിറ്റിങ്ങില്‍ ഇത് ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നു. ഈ വാഹനത്തിന് ഇട്ട പിഴ തുക പോരാ എന്ന് ഓര്‍ഡര്‍ എഴുതുന്നു. നിലവില്‍ പിഴ ഒടുക്കി കേസ് അവസാനിപ്പിച്ച ഈ വാഹനത്തിന് കൂടുതല്‍ തുക അടയ്ക്കണം എന്ന് വിധി പ്രസ്താവം ചെയ്യുന്നു.
ബഹു.ഹൈക്കോടതി വിധിയെ ഞാന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ നീതിക്കുവേണ്ടി അഭ്യര്‍ത്ഥിക്കുന്ന ഉയര്‍ന്ന നീതിപീഠത്തില്‍ നിന്ന് എന്ത് വിധി പ്രസ്താവമുണ്ടായാലും അത് ബഹുമാനിക്കപ്പെടണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പക്ഷെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇത് കൂടി ഞാന്‍ കൂട്ടി ചേര്‍ക്കുന്നു,
ഓഗസ്റ്റ് 1 ന് ഹൈക്കോടതി അഭിഭാഷകര്‍ നടത്തിയ വള്ളസദ്യ കഴിഞ്ഞു തിരികെ പോകാന്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയിലെ ഉയര്‍ന്ന വ്യക്തിത്വങ്ങളുടെ കുടുംബങ്ങളെ ഉള്‍പെടയുള്ളവരെ ഇത് പോലെയുള്ള ഓഫ് റോഡ് വണ്ടിയില്‍ കയറ്റി വിടാന്‍ നേരത്ത് എന്റെ മുന്നില്‍ ഉണ്ടായിരുന്നത് ലൈറ്റിന്റെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ ആയിരുന്നില്ല മറിച്ച് പ്രളയം കണ്ട് ഭയന്ന് നിന്നവരും അവരെ രക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും മാത്രം ആയിരുന്നു.
ഞാന്‍ അത് കൊണ്ട് അന്നും പറഞ്ഞു.. ഇന്നും പറയുന്നു.. എപ്പോഴും പറയും..
വെള്ളം കഴുത്തറ്റം മുങ്ങി ഒരു ജില്ലയുടെ ഭൂരിഭാഗം സ്ഥലവും പ്രളയത്തില്‍ നില്‍ക്കുമ്പോ ആകെ വെള്ളം കയറാത്ത അടൂര്‍ ടൗണില്‍ ആ ദിവസം ചെക്കിങ് നടത്തുന്നത് അനൗചിത്യമാണ്, അനാവശ്യമാണ്. ആ നിലപാടില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.
അതും മാത്രം അല്ല.
ആറന്മുളയില്‍ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാന്‍ ആറന്മുളയിലെ ചെറുപ്പക്കാര്‍ വണ്ടിയുമായി വന്നിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാന്‍ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാന്‍ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളില്‍ ഏതവന്‍ വിമര്‍ശിച്ചാലും.
ഞാന്‍ നിരുപാധികം അമലിനും ആര്‍ദ്രയ്ക്കും ഒപ്പമാണ്.




