തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മാത്രം 13,025 പേരാണ് പകർച്ചപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നിപക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല എന്നിവയും സംസ്ഥാനത്ത് പടർന്നുപിടിക്കുകയാണ്. ഇന്നലെ ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാത (റൂട്ട് മാപ്പ്) ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ 6 മാസത്തിനിടെ ഷിഗെല്ല മൂലം സംസ്ഥാനത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാത്രം നാല് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറം– 2, കോഴിക്കോട്- 1, വയനാട്- 1. തൊട്ടുമുമ്പുള്ള ദിവസങ്ങളായ ബുധനാഴ്ച ഏഴുപേർക്കും, ചൊവ്വാഴ്ച പത്തുപേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് (ബുധനാഴ്ച ഇത് 72 ആയിരുന്നു). കൂടാതെ ഇന്നലെ 11 പേർക്ക് എലിപ്പനിയും 3 പേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച 13 പേർക്ക് എലിപ്പനിയും നാല് പേർക്ക് മലേറിയയും റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലകളിൽ മലപ്പുറത്താണ് പകർച്ചപ്പനി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം മലപ്പുറം ജില്ലയിൽ 2495 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സ്വയംചികിത്സ ഒഴിവാക്കി ഡോക്ടർമാരുടെ നിർദ്ദേശം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.




