മലപ്പുറം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടന്നതായി പരാതി. കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന KL-15 A 1529 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. മോങ്ങം സ്വദേശിയായ യുവതിയുടെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു.
ബസിലെ ജനറൽ സീറ്റിൽ ഇരിക്കുകയായിരുന്ന യുവതിയോട് പ്രതി അവിടെ ഇരിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പരാതി. തുടർന്ന് ഇയാൾ മോശമായി പെരുമാറിയെന്നും കൈമുട്ടുകൊണ്ട് യുവതിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.
പിന്നീട് പ്രതി നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവസമയത്ത് ബസ് കണ്ടക്ടർ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ബസ് ഉടൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയോ പരാതി നൽകുന്നതിനാവശ്യമായ ഇടപെടൽ നടത്തുകയോ ചെയ്തില്ലെന്നാണ് യുവതിയുടെ ആരോപണം. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചും ബസിലെ മറ്റ് യാത്രക്കാരിൽനിന്നും ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം നടത്തും.




