“ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർദ്ധരാത്രിയിൽ, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്…”
1947 ആഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ ആ ചരിത്രപ്രസംഗത്തിലെ വാക്കുകൾ, നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതയായ ഒരു രാജ്യത്തിന്റെ പ്രതീക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ശബ്ദമായിരുന്നു.
ഡൽഹിയിലെ ചെങ്കോട്ടയിലെ ലഹോറി ഗേറ്റിനു മുകളിൽ ദേശീയ പതാക ഉയർന്ന ആ ചരിത്രദിനം മുതൽ, സ്വാതന്ത്ര്യദിനം ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമായി മാറി. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി, ഇന്ന് നാം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
സ്കൂളുകൾ മുതൽ സർക്കാർ സ്ഥാപനങ്ങൾ വരെ ദേശഭക്തിഗാനങ്ങളും പരേഡുകളും പതാക ഉയർത്തലും സാംസ്കാരിക പരിപാടികളും ദേശീയ ഗാനാലാപനവുമൊക്കെയായി രാജ്യം ഈ ദിനം ആഘോഷിക്കുന്നു. ഓരോ ആഘോഷവും നമ്മുടെ ഉള്ളിലെ ദേശീയബോധത്തെ ഒരിക്കൽക്കൂടി ഉണർത്തുന്നു.
നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വവും ജനാധിപത്യവും നീതിയും സമത്വവും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ജാതി, മതം, ഭാഷ, സംസ്കാരം തുടങ്ങിയ വൈവിധ്യങ്ങൾക്കപ്പുറം ‘നമ്മൾ ഇന്ത്യക്കാർ’ എന്ന ഒരൊറ്റ വികാരത്തിൽ ഒന്നിക്കുന്ന ദിനമാണിത്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാനും ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച ധീര ദേശാഭിമാനികളെ ഈ വേളയിൽ ആദരവോടെ സ്മരിക്കാം. അവരുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.
എല്ലാ പ്രിയപ്പെട്ടവർക്കും ഇ-ചാനൽ ന്യൂസിന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
ജയ് ഹിന്ദ്! 🇮🇳




