രാജ്യത്ത് 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രത്യേകതയായി. പതാക ഉയർത്തുന്നതിന് മുമ്പായി ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനിന്ന വന്ദേമാതരം ആലപിച്ചു. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പരേഡ് നടന്നു. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ‘വന്ദേമാതരം എല്ലാ മനസുകളിലും അലയടിക്കുന്നു’ എന്ന വാക്കുകളോടെയാണ് പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയപതാക പാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം പുതിയ സ്വപ്നങ്ങളിലേക്ക് ഉത്സാഹത്തോടെ ചുവടുവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരെ അനുസ്മരിച്ച മോദി, വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുന്നത് ഏറ്റവും ഉചിതമായ ആദരവാണെന്നും പറഞ്ഞു.
ചെറിയ സ്വപ്നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ല ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ സ്വപ്നങ്ങളും ദൃഢമായ ലക്ഷ്യങ്ങളുമാണ് രാജ്യത്തിനുണ്ടാകേണ്ടത്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നങ്ങൾ സഫലമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജാതി, മതം, വർഗം, വർണം തുടങ്ങിയ വ്യത്യാസങ്ങളില്ലാതെ എല്ലാ വിഭാഗങ്ങളെയും വികസനത്തിന്റെ ഭാഗമാക്കണമെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായത് ഈ മാറ്റത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഡിജിറ്റൽ ഇന്നൊവേഷൻ, മൊബൈൽ നിർമാണം, റെയിൽവേ, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ്, ശുചിത്വം, ഭവനനിർമാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറ്റം കൈവരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
മെട്രോ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളിലും രാജ്യത്ത് വലിയ വേഗത കൈവരിച്ചെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. പ്രതിരോധ ഉൽപ്പാദനവും വർധിച്ചു.
മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ മുന്നോട്ട് പോകേണ്ട സാഹചര്യമില്ലെന്നും ആത്മനിർഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത ഭാരതം എന്ന ലക്ഷ്യം ഇനി വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




