ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. പൊലീസ്, ഫയർ സർവീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, കറക്ഷണൽ സർവീസ് വിഭാഗങ്ങളിലായി 1,057 ഉദ്യോഗസ്ഥർക്കാണ് ധീരതയ്ക്കും സ്തുത്യർഹ സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചത്.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും പ്രകടമായ ധീരത കാട്ടിയവർക്കാണ് ഗാലൻട്രി മെഡലുകൾ നൽകുന്നത്.
ആകെ 301 ധീരതാ മെഡലുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 272 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും 29 എണ്ണം ഫയർ സർവീസ് ഉദ്യോഗസ്ഥർക്കുമാണ്. തീവ്രവാദ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സേവനം ചെയ്യുന്ന 197 പേർക്കും ജമ്മു കശ്മീരിൽ നിന്നുള്ള 51 പേർക്കും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള 12 പേർക്കും മറ്റ് മേഖലകളിൽ നിന്നുള്ള 41 പേർക്കുമാണ് ഗാലൻട്രി മെഡലുകൾ.
കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരൻ, എസ്.പി.ക്ക് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചു.
രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡൽ 92 പേർക്കാണ്. ഇതിൽ 83 പേർ പൊലീസ് ഉദ്യോഗസ്ഥരും നാല് പേർ ഫയർ സർവീസ് ഉദ്യോഗസ്ഥരും മൂന്ന് പേർ സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. രണ്ട് മെഡലുകൾ കറക്ഷണൽ സർവീസിനുമാണ്.
കേരളത്തിൽ നിന്ന് രാജ്പാൽ മീണ, ഐ.ജി.; ബിനു ആർ. പിള്ള, എസ്.പി.; രവികുമാർ വി.ആർ., ഡി.വൈ.എസ്.പി.; ഉജ്വൽ കുമാർ ജി., എസ്.പി.; ജ്യോതിഷ് കുമാർ എസ്.എൽ., എസ്.ഐ.; സുരേഷ് ബാബു, ഡി.വൈ.എസ്.പി. എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായി.
ഫയർ സർവീസിൽ നിന്ന് രാജേന്ദ്രൻ നായരും സെബാസ്റ്റ്യൻ ജോസഫും കറക്ഷണൽ സർവീസിൽ നിന്ന് സുനിൽകുമാറും മോഹൻദാസ് എം.കെയും പുരസ്കാരത്തിന് അർഹരായി.
664 മെറിറ്റോറിയസ് സർവീസ് മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 606 എണ്ണം പൊലീസ് സർവീസിനും 28 എണ്ണം ഫയർ സർവീസിനും 18 എണ്ണം സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡിനും 12 എണ്ണം കറക്ഷണൽ സർവീസിനുമാണ്.
ആഭ്യന്തര മന്ത്രാലയമാണ് മെഡലുകളുടെ പട്ടിക പുറത്തുവിട്ടത്.




