തിരുവനന്തപുരം: നടൻ ദേവൻ ബിജെപി വിട്ടു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. രാജിക്കത്ത് എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും ദേവൻ പറഞ്ഞു. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടതായി അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന രാഷ്ട്രീയമാണ് താൻ ലക്ഷ്യമിടുന്നതെന്നും അഞ്ചുവർഷം കേരള ബിജെപിയിൽ പ്രവർത്തിച്ചിട്ടും അത് സാധിച്ചില്ലെന്നും ദേവൻ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാട് ബിജെപിയുടേതിൽനിന്ന് വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നാലഞ്ച് മാസങ്ങൾക്ക് മുമ്പ് തന്നെ ചില തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും ഇന്നലെ നടത്തിയ ആത്മപരിശോധനയ്ക്ക് ശേഷമാണ് ബിജെപി വിടാനുള്ള തീരുമാനം അന്തിമമാക്കിയതെന്നും ദേവൻ പറഞ്ഞു. അതേസമയം, ദേവന്റെ രാജി പ്രഖ്യാപനത്തിൽ അതേ വേദിയിൽ ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ അതൃപ്തി പരസ്യമാക്കി. രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേവന് ആവശ്യമായ പരിഗണന നൽകിയിരുന്നുവെന്നും പാർട്ടിയിൽ ചേർന്നതിന് പിന്നാലെ സംസ്ഥാന ഭാരവാഹിയാക്കിയിരുന്നുവെന്നും രാധാകൃഷ്ണ മേനോൻ വ്യക്തമാക്കി.
ബിജെപി വിടാനുള്ള കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2004ൽ ദേവൻ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. കേരളം അവികസിതമായി തുടരുന്നുവെന്ന നിലപാടിലായിരുന്നു പാർട്ടി രൂപീകരിച്ചതെന്ന് അന്ന് ദേവൻ പറഞ്ഞിരുന്നു. പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2004ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായും ദേവൻ മത്സരിച്ചിരുന്നു.




