യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനും സംഘത്തിനുമെതിരെ കൊച്ചി സൈബർ പോലീസിന്റെ പരക്കെ അന്വേഷണം. പോക്സോ, ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗത്തിൽ നിന്ന് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് കൊച്ചി പോലീസ് നടപടി ശക്തമാക്കിയത്. അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ നിരന്തരം അശ്ലീല-സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദത്തിലായ യൂട്യൂബർ തൊപ്പിക്കും ഇയാളുടെ ഗ്യാങ്ങിനുമെതിരെയാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊതുവേദികളിലും സോഷ്യൽ മീഡിയയിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുക, ക്രിമിനൽ കുറ്റങ്ങൾ മഹത്വവൽക്കരിച്ച് സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് അഡ്വക്കറ്റ് ശ്രീജിത്ത് പെരുമനയാണ് പോലീസിനെ സമീപിച്ചത്. പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
തൊപ്പിയുടെ സ്വന്തം ഗ്യാങ്ങിൽ വിള്ളൽ വീണതിന് പിന്നാലെ മുൻ സുഹൃത്തുക്കൾ തന്നെയാണ് ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത്. മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് സുഹൃത്തുക്കൾ പുറത്തുവിട്ടത്. ഇതിനുപുറമെ, ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ അതിരൂക്ഷമായി അപകീർത്തിപ്പെടുത്തിയെന്ന പരാതിയും തൊപ്പിക്കും സംഘത്തിനുമെതിരെയുണ്ട്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗം വിഷയത്തിൽ ഇടപെട്ടതും കൊച്ചി പോലീസിന് കർശന അന്വേഷണ നിർദ്ദേശം നൽകിയതും. ലഹരിമരുന്ന് ഇടപാടുകളും പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ഉള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് സൈബർ പോലീസ് കേസ് കൈകാര്യം ചെയ്യുന്നത്. വരും ദിവസങ്ങളിൽ തൊപ്പിയെയും സംഘത്തെയും പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന.




