കാസർകോട്: കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച അതിഥി തൊഴിലാളിക്ക് ഒടുവിൽ നിരാശ. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സംഭവത്തിൽ കാസർകോട് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെതിരെ കേസെടുത്തു.
ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ അതിഥി തൊഴിലാളി ചന്തേര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം ഫോൺ സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഉടമ അറിയിച്ചു. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം ഫോൺ വാങ്ങാനായി മകൻ സ്റ്റേഷനിലെത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
ഫോൺ കണ്ടെത്തി അറിയിക്കാമെന്ന് പറഞ്ഞ് മകനെ തിരിച്ചയച്ച പൊലീസ്, പിന്നീട് സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിലും വിവരം പങ്കുവെച്ചു. എന്നിട്ടും ഫോൺ കണ്ടെത്താനായില്ല.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ബദിയടുക്കയിലെ നീർച്ചാൽ ഭാഗത്ത് മറ്റൊരു സിം കാർഡ് ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഫോൺ ഉപയോഗിച്ചിരുന്ന ബദിയടുക്ക സ്വദേശിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരം ലഭിച്ചത്. ബൈജു എന്ന പൊലീസുകാരനാണ് ഫോൺ തനിക്ക് വിൽപ്പന നടത്തിയതെന്ന് ഇയാൾ മൊഴി നൽകി.
തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 12-ന് ബൈജു മേശയിൽനിന്ന് ഫോൺ എടുക്കുന്നതും ഫോണിലെ സിം കാർഡ് ഊരിമാറ്റി നശിപ്പിക്കുന്നതും കണ്ടെത്തിയെന്നാണ് വിവരം.
ഇതോടെയാണ് സിവിൽ പൊലീസ് ഓഫീസർ ബൈജുവിനെതിരെ കേസെടുത്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കളഞ്ഞുകിട്ടിയ ഫോൺ ഉത്തരവാദിത്വത്തോടെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വ്യക്തിയുടെ സത്യസന്ധതയ്ക്കിടയിൽ, സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഫോൺ തന്നെ മോഷണം പോയ സംഭവം പൊലീസിനുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്.




