ചേർത്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളെ സാഹസികമായി പിടികൂടി നാട്ടുകാരൻ. അന്തർസംസ്ഥാന സ്വദേശിയെന്ന് സംശയിക്കുന്ന ബധിരനും മൂകനുമായ യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
ചേർത്തല നഗരസഭ 23-ാം വാർഡിലെ മാടയ്ക്കൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയദേവൻ (52) ആണ് പ്രതിയെ പിടികൂടിയത്.
ക്ഷേത്രത്തിലെ കുത്തുവിളക്ക് ഊരിയെടുത്ത് കാണിക്കവഞ്ചി കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് ജയദേവൻ ഉണർന്നത്. പുറത്തേക്ക് നോക്കിയപ്പോൾ മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഉടൻ ക്ഷേത്രത്തിലേക്ക് ഓടിയെത്തി. ജയദേവനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് തടഞ്ഞുനിർത്തി. തുടർന്നുണ്ടായ മൽപ്പിടിത്തത്തിൽ ജയദേവന് നെഞ്ചിനും ശരീരത്തിനും പരിക്കേറ്റു.
ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയുടെ കൈകാലുകൾ കെട്ടിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേർത്തല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രവളപ്പിലെ മറ്റൊരു കാണിക്കവഞ്ചിയിൽനിന്ന് മോഷ്ടിച്ച പണവും പ്രതിയുടെ പോക്കറ്റിൽനിന്ന് കണ്ടെത്തി. കാണിക്കവഞ്ചിക്ക് സമീപവും പണം ചിതറിക്കിടന്നിരുന്നു.
ബുധനാഴ്ച ഗുരുവായൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. ആലപ്പുഴ കടപ്പുറത്ത് കുതിരസവാരി നടത്തുന്നയാളുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായത്. എന്നാൽ ഇയാളുടെ പേരോ സ്വദേശമോ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും കൈവശമില്ലെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ ദേശീയപാതയോരത്തെ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിലും മുത്താരമ്മൻ കോവിലിലും കാണിക്കവഞ്ചികൾ മോഷണം പോയിരുന്നു. ഈ സംഭവങ്ങളുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചേർത്തല പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു.




