കൊല്ലം: റേഷൻ കട ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. കടയ്ക്കൽ വയലായിൽ റേഷൻ കട നടത്തിവന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.
റേഷൻ കടയ്ക്കുള്ളിൽ വെച്ചായിരുന്നു അനിൽകുമാറിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് പത്തനാപുരത്തുനിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൂത്താട്ടുകുളത്തുവെച്ചാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കടയ്ക്കൽ എസ്.എച്ച്.ഒ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.




