അമ്പലവയൽ: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയൽവാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. അമ്പലവയൽ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസൻ (38) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കവും അതിനെ തുടർന്നുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ചീനിക്കമൂല ഉന്നതിയിലെ സുരേഷ് (34) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. നവംബർ എട്ടിന് പുലർച്ചെയായിരുന്നു സംഭവം. സുരേഷിന്റെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ചു കയറിയ ശിവദാസൻ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ആക്രമണത്തിൽ സുരേഷിന്റെ കവിളെല്ലിന് പൊട്ടലേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വീണ്ടും വെട്ടാനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞുമാറിയതാണ് കൂടുതൽ അപകടം ഒഴിവാക്കിയത്.
അമ്പലവയൽ എസ്.എച്ച്.ഒ ജെസ്വിൻ ജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




