ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ ദുരൂഹത; എത്താത്ത 23,714 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ ദുരൂഹതയെന്ന് സംശയം. ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും എത്താതിരുന്നത് 23,714 പേരാണ്.

ഇവരുടെ ബുക്കിങ് വിവരങ്ങൾ തേടി പമ്പ പൊലീസ് ദേവസ്വം ബോർഡിന് കത്ത് നൽകി. ബുക്കിങ് വിവരങ്ങൾ വിശദമായി പരിശോധിച്ച് സംഭവത്തിലെ ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അതേസമയം, ദേവസ്വം വിജിലൻസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സൈബർ ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് പരിശോധന. ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവർക്ക് ഈ മണ്ഡലകാലത്ത് തുടർബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമുണ്ട്.

അതിനിടെ, വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ സമഗ്രമായ മാറ്റത്തിനും നീക്കമുണ്ട്. ഇനി ബുക്കിങ്ങിന് ആധാർ മാത്രമായിരിക്കും പ്രധാന തിരിച്ചറിയൽ രേഖ. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ഒടിപി പരിശോധനയും നിർബന്ധമാക്കും. വിദേശികൾക്ക് മാത്രമായിരിക്കും പാസ്‌പോർട്ട് ഉപയോഗിച്ച് ബുക്ക് ചെയ്യാൻ അനുമതി. പുതിയ സംവിധാനം ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

അതേസമയം, ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലത്തെ ആദ്യ ആറു ദിവസങ്ങളിൽ കഴിഞ്ഞ വർഷം 5.10 ലക്ഷം തീർത്ഥാടകർ എത്തിയപ്പോൾ ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രം. 2.38 ലക്ഷത്തോളം പേരുടെ കുറവ്. ഏകദേശം 47 ശതമാനമാണ് ഇടിവ്.

അരവണ വിൽപ്പനയിലും സമാനമായ കുറവുണ്ടായി. കഴിഞ്ഞ വർഷം ആദ്യഘട്ടത്തിൽ 18 ലക്ഷം ടിൻ അരവണ വിറ്റപ്പോൾ ഇത്തവണ വിറ്റത് ഒൻപത് ലക്ഷം ടിൻ മാത്രം. ഇതിലൂടെ ഏകദേശം ഒൻപത് കോടിയുടെ വരുമാനക്കുറവുണ്ടായതായാണ് കണക്ക്. നടവരവ്, അപ്പം വിൽപ്പന, അന്നദാന ഫണ്ട് എന്നിവയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വെർച്വൽ ക്യൂ ബുക്കിങ്ങിലെ ക്രമക്കേട് സംശയങ്ങളും തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും ഒരേസമയം ചർച്ചയാകുമ്പോൾ ശബരിമലയിലെ വരുമാനത്തെയും തീർത്ഥാടന ക്രമീകരണങ്ങളെയും ഇത് ബാധിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

Related news

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി....

കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കരമന സ്വദേശി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം കരമന...

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....