കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ കോടതി നിലനിൽക്കുന്നതായി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
കൊലക്കുറ്റം ഏഴ് പ്രതികൾക്കെതിരെയാണ് നിലനിൽക്കുന്നത്. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. മറ്റ് പ്രതികൾക്കെതിരെ അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്.
പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും അറിയിച്ചു.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ സ്വദേശി അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു കൊലപാതകം. ആക്രമണത്തിന് പിന്നിൽ ഷുക്കൂറും സംഘവുമാണെന്ന് ആരോപിച്ച് സി.പി.ഐ.എം പ്രവർത്തകർ ഇയാളെ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ആദ്യം കേരള പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഷുക്കൂറിന്റെ മാതാവിന്റെ നിയമപോരാട്ടത്തെ തുടർന്ന് 2016ൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2019 ഫെബ്രുവരി 11ന് പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
2025 മേയ് അഞ്ചിനാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചത്. ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടുപേർ വിചാരണയ്ക്കിടെ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. ഷുക്കൂർ കൊല്ലപ്പെട്ട് 14 വർഷത്തിന് ശേഷമാണ് കേസിൽ നിർണായക വിധി വന്നിരിക്കുന്നത്.




