ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യത്തെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതോടെ സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ പ്രതിസന്ധിയിൽ. പ്രവാസികളും ഉംറ തീർഥാടകരുമാണ് നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നീ കമ്പനികളാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി ഇൻഡിഗോ വീണ്ടും നീട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം, സൗദിയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾ എന്നിവ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനമെന്നാണ് വിശദീകരണം.
വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് തിരിച്ചടിയാകുകയാണ്. നിരക്ക് മൂന്നിരട്ടിയോളം വർധിച്ചതായാണ് യാത്രക്കാർ പറയുന്നത്. നേരത്തെ 15,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ ഏകദേശം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ 40,000 മുതൽ 50,000 രൂപ വരെ ചെലവാക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറയുന്നു.
ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതിനിടെ, വിസ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാനാകാതെ സൗദിയിൽ തുടരുന്ന ഉംറ തീർഥാടകരും പ്രതിസന്ധിയിലാണ്. അനധികൃതമായി രാജ്യത്ത് തുടരുന്നവരായി കണക്കാക്കപ്പെടുമോയെന്നും നിയമനടപടി നേരിടേണ്ടിവരുമോയെന്നുമുള്ള ആശങ്കയും ഇവർക്കുണ്ട്.




