കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി നത്തംകുനി ചുണ്ടേൽതൊടി വീട്ടിൽ അമൽ സി.ആർ. (26) ആണ് പിടിയിലായത്. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തൃക്കൊടിത്താനം പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
2026 ജൂലൈ 26-ന് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ തോമാട്ടുചാൽ കോട്ടൂരിൽനിന്ന് 124.39 ഗ്രാം എം.ഡി.എം.എയുമായി കൽപ്പറ്റ മുണ്ടേരി സ്വദേശി വേണുഗോപാൽ അറസ്റ്റിലായതോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അമലെന്ന് കണ്ടെത്തിയത്.
കേസിൽ രണ്ടും മൂന്നും പ്രതികളായ ജാസിം അലി, മുഹമ്മദ് ജെയ്സൽ എന്നിവരെ ഒക്ടോബർ 12-നും, മയക്കുമരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് ഒരുക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയ തോമാട്ടുചാൽ സ്വദേശി കെ.എസ്. സൂര്യനാരായണനെ ഒക്ടോബർ 14-നും അറസ്റ്റ് ചെയ്തിരുന്നു.
സംഘടിതമായി ലഹരിക്കടത്ത് നടത്തിയതിനും ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതിനും തെളിവുകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ലഹരിക്കടത്തിനായി പണം നിക്ഷേപിച്ചവർ, കടത്തിൽ ഏർപ്പെട്ടവർ, സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തവർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹറിന്റെ മേൽനോട്ടത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്. അറസ്റ്റിലായ അമലിനെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് മാനന്തവാടി ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.




