തൃശൂരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച കേസിൽ നടപടിയെടുത്ത അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം.
മങ്ങാട് സെന്റ് ജോസഫ്സ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ സാജു വർഗീസിനെ തിരിച്ചെടുക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെയാണ് എസ്.എഫ്.ഐ. കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
അധ്യാപകർ നൽകിയ പരാതി അവഗണിച്ചാണ് അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. മങ്ങാട് സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സ്കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി പ്രണവ് പ്രേമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഭാഗ്യ കെ. ബാബു അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് അക്ഷയ് അനിലും വൈസ് പ്രസിഡന്റ് എം. അഖിനേഷും സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥി നേതാക്കൾ സ്കൂൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ, അധ്യാപകന് അനുകൂലമായി യാതൊരു നടപടിയും സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.




