വയനാട്: അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ എക്സൈസ് കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂർ കസ്റ്റഡിയാണ് കോടതി എക്സൈസിന് അനുവദിച്ചത്.
കസ്റ്റഡിയിൽ വാങ്ങിയ ശേഷം വാഴവറ്റയിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിലും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിൻ നിഷേധിച്ചു. നാല് മണിക്കൂറോളം നീണ്ട തെളിവെടുപ്പിന് ശേഷമാണ് ആന്റോയെ മീനങ്ങാടി എക്സൈസ് ഓഫീസിലെത്തിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.
പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം, മദ്യം എത്തിക്കുന്നതിലും സൂക്ഷിക്കുന്നതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത്, വ്യാജമദ്യ നിർമാണത്തിനുള്ള പദാർത്ഥങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
മദ്യം പിടികൂടിയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ സമാന്തര ബാർ സംവിധാനം ഒരുക്കിയിരുന്നോ എന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നുണ്ട്. എക്സൈസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മദ്യം എങ്ങനെ കെട്ടിടത്തിലെത്തിയെന്നോ കെട്ടിടത്തിലെ മുറികളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നാണ് തെളിവെടുപ്പിനിടെയും ആന്റോ അന്വേഷണസംഘത്തോട് പറഞ്ഞത്.
കെട്ടിടം ആന്റോ അഗസ്റ്റിന്റേതാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്നാണ് എക്സൈസ് നിലപാട്.
അതിനിടെ, കേസിലെ ആന്റോയുടെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.




