തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസവും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം തന്നെ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും ചെയ്യണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.




