തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിവരക്കേട് പറയുകയാണെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പിനും ദീർഘവീക്ഷണമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും എം.എം. മണി ആരോപിച്ചു.
മഴ കുറയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് നേരത്തെ തന്നെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ ഉണ്ടാക്കേണ്ടിയിരുന്നുവെന്നാണ് എം.എം. മണിയുടെ അഭിപ്രായം. നിലവിലെ പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്നും അതിന്റെ പേരിൽ പുതിയ കരാറുണ്ടാക്കി സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 40 ശതമാനം മാത്രമാണ് മുമ്പും സംസ്ഥാനത്ത് ഉൽപാദിപ്പിച്ചിരുന്നതെന്ന് എം.എം. മണി പറഞ്ഞു. ബാക്കി വൈദ്യുതി വിവിധ കരാറുകളിലൂടെ വാങ്ങുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയെന്നും എൽഡിഎഫ് സർക്കാരുകൾ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും എം.എം. മണി അവകാശപ്പെട്ടു.
2018ലെ പ്രളയകാലത്ത് പോലും വൈദ്യുതി മേഖലയിലെ പ്രതിസന്ധി മറികടന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉൽപാദനത്തിനായി മഴയെയും ജലവൈദ്യുത പദ്ധതികളെയും മാത്രം ആശ്രയിക്കരുതെന്നും എം.എം. മണി ഓർമിപ്പിച്ചു. ദീർഘവീക്ഷണമുള്ള സർക്കാർ മഴ കുറയാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും വൈദ്യുതി കരാറുകൾ ഉണ്ടാക്കി കമ്മീഷൻ നേടാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയവും എം.എം. മണി ഉന്നയിച്ചു. വൈദ്യുതി ആവശ്യകത വർധിക്കുകയും ഉൽപാദനം കുറയുകയും ചെയ്തതോടെ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരിക്കെയാണ് മുൻ മന്ത്രിയുടെ വിമർശനം.




