തൃശൂരിൽനിന്നുള്ള വിദ്യാർഥികൾക്ക് ട്രെയിനിൽ ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഡൽഹിയിൽനിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50ഓളം വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. 15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
യാത്രയ്ക്കിടെ വിദ്യാർഥികൾക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. യാത്രയിലുടനീളം ട്രെയിനിലെ പാൻട്രി കാറിൽനിന്നുള്ള ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചിരുന്നത്.
അധ്യാപകരും സ്കൂൾ അധികൃതരും ഉടൻ റെയിൽവേ ജീവനക്കാരെയും ഹെൽപ്പ് ലൈനിലും വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഖണ്ട്വ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘത്തെ സജ്ജമാക്കി നിർത്തി.
വെള്ളിയാഴ്ച രാത്രി 9.30ഓടെ ഖണ്ട്വ ജങ്ഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ എത്തിയതോടെ വിദ്യാർഥികളെ പുറത്തിറക്കി പ്രാഥമിക ചികിത്സ നൽകി.
ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഒ.പി. ജുഗ്താവത്, സിവിൽ സർജൻ ഡോ. അനിരുദ്ധ കൗശൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ മെഡിക്കൽ സംഘവും ചേർന്നാണ് ചികിത്സ നൽകിയത്.
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഇതോടെ ട്രെയിൻ 40 മിനിറ്റ് വൈകിയാണ് ഖണ്ട്വയിൽനിന്ന് പുറപ്പെട്ടത്.
മുൻകരുതലിന്റെ ഭാഗമായി റെയിൽവേയുടെ പ്രത്യേക മെഡിക്കൽ സംഘം ഭുസാവൽ സ്റ്റേഷൻ വരെ വിദ്യാർഥികളെ ട്രെയിനിൽ അനുഗമിച്ചു.
വിദ്യാർഥികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.




