ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി വൻകിട കമ്പനികളുടെ മാത്രം സാധ്യതയല്ല. ചെറുകിട ബിസിനസുകൾക്ക് സംരംഭം വേഗത്തിൽ വളർത്താനും ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്ന പുതിയ എഐ ഫീച്ചറുകളുമായി ടെക് ഭീമൻ മെറ്റ.
ബിസിനസ് കാര്യങ്ങൾ ചോദിച്ചറിയാം
പുതിയ സംവിധാനത്തിലൂടെ സംരംഭകർക്ക് തങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മെറ്റ എഐയോട് ചോദിച്ചറിയാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ റീച്ച്, പരസ്യങ്ങളുടെ പ്രകടനം തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്ത് മറുപടി നൽകാനും എഐയ്ക്ക് കഴിയും. ഇതിന് പുറമെ, സമാനമായ ബിസിനസ് നടത്തുന്ന മറ്റ് ബ്രാൻഡുകളെക്കുറിച്ചും വിവരങ്ങൾ ലഭിക്കും. വിപണിയിലെ മത്സരം മനസ്സിലാക്കാനും അതനുസരിച്ച് ബിസിനസ് തന്ത്രങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഗൂഗിൾ വർക്ക്‌സ്‌പേസുമായും കണക്ട് ചെയ്യാം
ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ, മെറ്റ ആഡ് കാമ്പെയ്‌നുകൾ എന്നിവയുമായി നേരിട്ട് പ്രവർത്തിക്കാൻ മെറ്റ എഐയ്ക്ക് സാധിക്കും. ജിമെയിൽ, ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ് തുടങ്ങിയ ഗൂഗിൾ വർക്ക്‌സ്‌പേസ് ആപ്പുകളുമായും എഐയെ ബന്ധിപ്പിക്കാം. ചെറുകിട ബിസിനസുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സോഷ്യൽ മീഡിയയ്ക്കുള്ള പ്രാധാന്യം വർധിച്ചുവരുന്നതിനാൽ, പുതിയ സംവിധാനങ്ങൾ സമയവും അധ്വാനവും ലാഭിക്കാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ.
മാക് ഉപയോക്താക്കൾക്ക് പ്രത്യേക സൗകര്യം
ഉപയോക്താക്കൾ കൂടുതൽ വിവരങ്ങൾ നൽകുന്നതിനനുസരിച്ച് മെറ്റ എഐയുടെ മറുപടികൾ കൂടുതൽ കൃത്യമാകുമെന്നും കമ്പനി പറയുന്നു. മാക് ഉപയോക്താക്കൾക്ക് ജോലി ചെയ്യുന്ന വിൻഡോ എഐയുമായി ഷെയർ ചെയ്ത് തത്സമയം നിർദേശങ്ങൾ സ്വീകരിക്കാനും സാധിക്കും. മാക്കിലെ വിവിധ ആപ്പുകളിൽ ഉപയോഗിക്കാവുന്ന വോയ്സ് ടൈപ്പിങ് സൗകര്യവും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്.
മാന്വൽ ജോലികൾക്കും ഇനി എഐ
വെബിൽനിന്നുള്ള വിവരങ്ങളും ബിസിനസുമായി ബന്ധപ്പെട്ട ഡാറ്റയും ഉപയോഗിച്ച് പ്രസന്റേഷനുകൾ, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവ തയ്യാറാക്കാനും മെറ്റ എഐയെ ഉപയോഗിക്കാം. പതിവായി ചെയ്യേണ്ട പല മാന്വൽ ജോലികളും എഐയെ ഏൽപ്പിക്കാം. ടാസ്‌ക്കുകളും റിമൈൻഡറുകളും സജ്ജീകരിക്കാനും ബിസിനസിന്റെ പുരോഗതി നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും.
വലിയ ബജറ്റും പ്രത്യേക ടീമുകളും ആവശ്യമായിരുന്ന പല ആധുനിക എഐ ടൂളുകളും ചെറുകിട സംരംഭകർക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മെറ്റ വ്യക്തമാക്കി. ബിസിനസ് രംഗത്തെ എഐ വിപ്ലവത്തിൽ ചെറുകിട സംരംഭകരും പിന്നിലാകാതിരിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി പറയുന്നു.




