തിരുവനന്തപുരം: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കല്ലമ്പലത്ത് ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിലുള്ള തസ്ലീന, മുഹമ്മദ് ഷാൻ എന്നിവർക്കും അയിരൂർ കേസിൽ അറസ്റ്റിലായ സതീഷിനും വിൽപ്പനയ്ക്കായി വലിയ അളവിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാഴ്ച മുമ്പ് നീറുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. മയക്കുമരുന്ന് കച്ചവടത്തിനായി വീട് വാടകയ്ക്കെടുത്ത് ഇടപാടുകാരെ കണ്ടെത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തസ്ലീന അറസ്റ്റിലായതിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അൻസർ ഒളിവിൽ പോയിരുന്നു. ഇയാൾ നാട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൻസർ പിടിയിലായത്.




