കനത്ത മഴയെ തുടർന്ന് കുട്ടനാടും അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. നിരണം, എടത്വ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനജീവിതം സാരമായി ബാധിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ പോലും വെള്ളം കയറിയത് ദുരിതം വർധിപ്പിച്ചു.
അതേസമയം, ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴയ്ക്ക് നേരിയ ശമനം ഉണ്ടായതും ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.
റാന്നിയിൽ വെള്ളം കയറിയ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയിലെത്തി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,349 അടിയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇടുക്കി അണക്കെട്ടിൽ 20 അടി വെള്ളം ഉയർന്നെങ്കിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് 28 അടി കുറവാണ്.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.
ആറന്മുള, റാന്നി ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾക്കായി പ്രത്യേക സഹായപാക്കേജ് പ്രഖ്യാപിക്കുന്നതും, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിക്കുന്നതും മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ടകളിലുണ്ട്.
ഇന്നലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും അവലോകനം ചെയ്യുകയും ചെയ്തിരുന്നു.




