അസം: അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. മരണസംഖ്യ 62 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് മരിച്ചത്. ഒമ്പത് ജില്ലകളിലായി ഏഴ് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ പ്രളയസാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലായി 7.05 ലക്ഷത്തിലധികം പേർ പ്രളയബാധിതരായിരുന്നെങ്കിൽ, ശനിയാഴ്ചയോടെ ആറു ജില്ലകളിലായി 6.54 ലക്ഷത്തിലധികം പേരാണ് ദുരിതം നേരിടുന്നത്.
ശിവസാഗറാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ല. ഇവിടെ ഏകദേശം 2.9 ലക്ഷം പേരാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലായത്. ചരൈദിയോയിൽ 1.9 ലക്ഷത്തോളവും ജോർഹട്ടിൽ 1.3 ലക്ഷത്തിലധികം പേരും പ്രളയബാധിതരാണ്.
ആറ് ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇവ വഴി കുടിയൊഴിപ്പിക്കപ്പെട്ട 18,902 പേർക്ക് സഹായം ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്തെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 34,970 ഹെക്ടറിലധികം കൃഷിഭൂമിക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ബണ്ടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രളയം വ്യാപക നാശം വിതച്ചിട്ടുണ്ട്.




