എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിൽ ശക്തമായി. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് മണ്ണ് തിന്ന് സമരം നടത്തിയാണ് ഉദ്യോഗാർഥികൾ സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചത്.
എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വർഷം മെയ് 31-നാണ് പി.എസ്.സി. എൽ.പി. സ്കൂൾ അധ്യാപകരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും നിയമന നടപടികൾ അനിശ്ചിതത്വത്തിലാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം പുനഃപരിശോധിക്കണമെന്നും, ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക തസ്തികകളിലേക്ക് പുനർവിന്യസിക്കണമെന്നും വിരമിക്കൽ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.
ഇതിന് മുമ്പും നിയമനാവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് ഇപ്പോഴത്തെ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.




