മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ നിയമത്തിന് മുന്നിൽ എത്തിക്കാതെ പഞ്ചായത്ത് തലത്തിൽ ഒത്തുതീർപ്പാക്കാൻ ശ്രമം. ജാർഖണ്ഡിലെ ഗുംല ജില്ലയിൽ നടന്ന സംഭവത്തിൽ പ്രതിക്ക് പിഴ ചുമത്തി വിട്ടയച്ചതായും, ലഭിച്ച പണം ഉപയോഗിച്ച് മദ്യസൽക്കാരം നടത്തിയതായും റിപ്പോർട്ട്.
ജാർഖണ്ഡിലെ ഗുംല ജില്ലയിലെ പാൽമ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 18കാരനായ സുനിൽ ലോഹാറിനെതിരെ നടപടി സ്വീകരിക്കാതെ പഞ്ചായത്ത് യോഗത്തിലൂടെ വിഷയം ഒതുക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുഞ്ഞിനെ നോക്കിക്കോളാമെന്ന് പറഞ്ഞ് അമ്മയുടെ വീട്ടിലെത്തിയ പ്രതി, കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അമ്മയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഞായറാഴ്ച പഞ്ചായത്ത് യോഗം ചേർന്നു. വിഷയം പൊലീസ് സ്റ്റേഷനിലെത്തുന്നത് ഒഴിവാക്കാൻ ചില പഞ്ചായത്ത് അംഗങ്ങൾ ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്.
കുഞ്ഞിനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ പഞ്ചായത്ത് തീരുമാനിക്കുകയും ചെയ്തു. പ്രതി ഉടൻ 20,000 രൂപ നൽകിയതായും ബാക്കി തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ പ്രതിയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ഗ്രാമവാസികൾ മദ്യസൽക്കാരം നടത്തുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടികൾക്കെതിരായ ഗുരുതര കുറ്റകൃത്യങ്ങൾ പഞ്ചായത്ത് തലത്തിൽ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.




