ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ. തമിഴ്നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി.
ഹൈക്കോടതി ഉത്തരവ് നിലവിലെ മൃഗസംരക്ഷണ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. സംസ്ഥാനത്ത് ഗോവധത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും, ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമാണം നടത്തിയെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമപ്രകാരം, ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ അറുക്കാൻ വ്യവസ്ഥയുണ്ടെന്നാണ് സർക്കാരിന്റെ വാദം.
ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്ത് ഇറച്ചിവെട്ട് നടത്തിയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി സംസ്ഥാനത്ത് പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് തടയണമെന്ന് നിർദേശിച്ചത്.
പാൽ ഉൽപ്പാദനം സംരക്ഷിക്കുന്നതിനും ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിയന്ത്രണം ആവശ്യമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. എന്നാൽ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.




