മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ്, 26, നെയാണ് പോക്സോ കേസിൽ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പരിശീലകനെതിരെ ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നതായും പൊലീസ് അറിയിച്ചു.
നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് എടുത്തത്. മഞ്ചേരി കോടതിയിൽ നിന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി.
പീഡന വിവരം കുട്ടി ആദ്യം സ്കൂൾ അധികൃതരോടാണ് അറിയിച്ചതെന്നും തുടർന്ന് അധികൃതർ പൊലീസിനെ വിവരമറിയിച്ചതെന്നും റിപ്പോർട്ടുണ്ട്. ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തിയിരുന്ന പ്രതി കൂടുതലായും പെൺകുട്ടികൾക്കാണ് പരിശീലനം നൽകിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




