ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സൻ ജില്ലയിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാർമോദിയയിലെ ഒരു ഫാംഹൗസിൽ നിന്നുള്ള മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചാണ് പ്രദേശവാസികൾ യുവാക്കളെ മർദിക്കുകയും പോസ്റ്റിൽ കെട്ടിയിട്ട് വൈദ്യുതാഘാതമേൽപ്പിച്ചെന്നുമാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, മോഷണം പോയതായി പറയപ്പെടുന്ന ഏഴ് മോട്ടോർ പമ്പ് സെറ്റുകൾ യുവാക്കളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇവർക്കെതിരെയും മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




