ഇന്ത്യൻ വിപണിയിലേക്ക് പുതിയ മിഡ്-സൈസ് എസ്യുവിയുമായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. കമ്പനിയുടെ മൂന്നാമത്തെ മോഡലായ ടെക്റ്റൺ 10 ലക്ഷം 49 ആയിരം രൂപ മുതൽ 18 ലക്ഷം 59 ആയിരം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ വാഹനമാണ് ടെക്റ്റൺ. ആറ് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ബെൽറ്റ് പ്രീടെൻഷനർ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിലുള്ളത്.
റെനോയുമായി സഹകരിച്ച് ചെന്നൈയിലെ പ്ലാന്റിലാണ് ടെക്റ്റൺ നിർമ്മിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ “വാസ്തുശില്പി” എന്നർഥം വരുന്ന പേരാണ് ടെക്റ്റൺ. കമ്പനിയുടെ മാഗ്നൈറ്റിന് മുകളിലുള്ള മോഡലായാണ് ഇത് എത്തുന്നത്.
നിസാൻ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് ടെക്റ്റണിനുള്ളത്. ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള എൽഇഡി ഡി.ആർ.എല്ലുകൾ, എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ, സി-ആകൃതിയിലുള്ള ടെയിൽലൈറ്റുകൾ, ഷാർക്ക്-ഫിൻ ആന്റിന എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ.
വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്സ്വാഗൺ ടൈഗൂൺ, സ്കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, റെനോ ഡസ്റ്റർ, ടാറ്റ സിയറ തുടങ്ങിയ മോഡലുകളോടായിരിക്കും നിസാൻ ടെക്റ്റൺ നേരിട്ട് മത്സരിക്കുക.




