തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമാക്കി ആയിരക്കണക്കിന് പ്രവർത്തകർ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രമുഖ നേതാക്കളാണ് ടി.വി.കെയുടെ അംഗത്വം സ്വീകരിച്ചത്.
മുൻ മന്ത്രിമാരായ സി. വിജയഭാസ്കർ, എം. ആർ. വിജയഭാസ്കർ, എം. എസ്. എം. ആനന്ദ്, സി. വളർമതി എന്നിവർക്കൊപ്പം മുൻ എം.പിമാരും എം.എൽ.എമാരും ജില്ലാ സെക്രട്ടറിമാരും ടി.വി.കെയിൽ ചേർന്നു. പാർട്ടി നേതൃത്വമാണ് ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചത്.
ഏകദേശം 200 ബസുകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരും മഹാബലിപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.
തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാനപ്രകാരമാണ് അണ്ണാ ഡിഎംകെ വിട്ട് ടി.വി.കെയിൽ ചേർന്നതെന്ന് മുൻമന്ത്രി സി. വിജയഭാസ്കർ 24-നോട് പ്രതികരിച്ചു.
ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ അണ്ണാ ഡിഎംകെ നേതാക്കൾ ടി.വി.കെയിൽ ചേരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.




