അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്നുള്ള സംഭാവനകൾ കാണാതായെന്ന ഗുരുതരമായ ആരോപണത്തിൽ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് കത്ത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാനും നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചു. അതേസമയം, പൊതുജന രോഷം ശക്തമായതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് ഉത്തരവിട്ടു.
അഭിഭാഷകനായ അനൂപ് പ്രകാശ് അവസ്തിയാണ് രാമക്ഷേത്ര സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പൊതുജനങ്ങൾ നൽകിയ സംഭാവനകൾ സംരക്ഷിക്കുന്നതിനും ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അടിയന്തരമായി ജുഡീഷ്യൽ മേൽനോട്ടം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
ആരോപണം വലിയ രാഷ്ട്രീയ വൻവിവാദമായതോടെയാണ് ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകിയത്. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐ.എ.എസിന്റെ നേതൃത്വത്തിലാണ് സംഘം. ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ എസ്.ഐ.ടിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽനിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയർന്നത്. ഇതേ തുടർന്ന് രാമക്ഷേത്രം നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ലോക്കൽ പോലീസിന്റെ അനൗദ്യോഗിക പിന്തുണയോടെ നടത്തിയ ഈ അന്വേഷണത്തിൽ, പ്രതികളെന്ന് സംശയിക്കുന്ന ചിലരെ ട്രസ്റ്റ് അധികൃതർ ചോദ്യം ചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ പൊതുജന രോഷം ഉയർന്നതോടെയാണ് ട്രസ്റ്റ് ഒടുവിൽ സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി സമീപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം വൈകാതെ അയോധ്യയിലെത്തി രേഖകൾ പരിശോധിക്കും. ട്രസ്റ്റ് ഇതുവരെ ശേഖരിച്ച തെളിവുകളും എസ്.ഐ.ടി തേടും. നിലവിൽ ക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തിരുന്ന ജീവനക്കാരെല്ലാം പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ശക്തമായ നിരീക്ഷണത്തിലാണ്.




