ലോകമെമ്പടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ‘കിഴക്കിന്റെ വെനീസ്’ ആയ ആലപ്പുഴയിൽ നിന്നും കടുത്ത അധികൃത അനാസ്ഥയുടെ കാഴ്ചകൾ. ഹൗസ് ബോട്ടുകളുടെ പ്രധാന താവളവും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശഭൂമിയുമായ ഫിനിഷിങ് പോയിന്റ് ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ദുർഗന്ധവും തെരുവുനായ ശല്യവും കാരണം വിനോദസഞ്ചാരികൾക്ക് ഇങ്ങോട്ട് വരാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. അധികൃതർ ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
വൈകുന്നേരങ്ങളിൽ സുരക്ഷിതമായിരുന്ന് കായൽ ഭംഗി ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളെ ഇന്ന് ഫിനിഷിങ് പോയിന്റിൽ സ്വീകരിക്കുന്നത് അസഹനീയമായ ദുർഗന്ധവും തെരുവുനായകളുമാണ്. ജലാശയത്തിന് അഭിമുഖമായുള്ള നടപ്പാതകളിലെ ടൈലുകൾ ഇളകിമാറി വലിയ കുഴികളായി രൂപപ്പെട്ടിരിക്കുന്നു. കുട്ടികളുമായോ പ്രായമായവരുമായോ ഇങ്ങോട്ട് വരാൻ പോലും പറ്റാത്ത അവസ്ഥയാണിവിടെ. വള്ളംകളി കാണാൻ കോടികൾ മുടക്കി ഒരുക്കിയ ഗാലറിയുടെ മേൽക്കൂരകൾ തുരുമ്പെടുത്ത് ഏതുനിമിഷവും തകർന്നു വീഴാറായി നിൽക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ, ഹൗസ് ബോട്ടുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവയെല്ലാം ഇവിടെ കുന്നുകൂടിക്കിടക്കുന്നു.
രാത്രിയായാൽ ഇവിടം പൂർണ്ണമായും ഇരുട്ടിലാണ്. ആവശ്യത്തിന് കൈവരികളോ തെരുവിളക്കുകളോ ഇല്ലാത്തത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. മാലിന്യങ്ങൾ ചീഞ്ഞഴുകിയുള്ള ദുർഗന്ധം കാരണം വിനോദസഞ്ചാരികൾക്ക് ഇവിടെ മിനിറ്റുകളോളം പോലും നിൽക്കാൻ കഴിയുന്നില്ല. ഇതിനുപുറമേ പ്രദേശം കൈയടക്കിയിരിക്കുന്ന തെരുവുനായകളുടെ ആക്രമണ ഭീഷണിയും നിലനിൽക്കുന്നു.
മഴക്കാല ടൂറിസം ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കേണ്ട ഒരു കേന്ദ്രമാണ് അധികൃതർ തിരിഞ്ഞുനോക്കാതെ നശിപ്പിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ വർഷങ്ങളായി നഗരസഭയ്ക്കും ടൂറിസം വകുപ്പിനും പരാതികൾ നൽകുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അധികൃതർ ഇനിയും അനാസ്ഥ തുടർന്നാൽ പ്രദേശവാസികളെയും ടൂറിസം തൊഴിലാളികളെയും സംഘടിപ്പിച്ചു കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.




