സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജൂൺ 15 മുതൽ പദ്ധതി നിലവിൽ വരും. മന്ത്രിസഭാ യോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി ‘പ്രിയദർശിനി’ എന്ന പേരിലാവും അറിയപ്പെടുക. വരുമാനമോ പ്രായമോ നോക്കാതെയാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വനിതാ ശാക്തീകരണത്തിലും ട്രാൻസ്ജെൻഡർ സൗഹൃദ നയങ്ങളിലും വലിയൊരു നാഴികക്കല്ലാകാൻ പോകുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ജൂൺ 15-ന് തുടക്കമാകും. വരുമാന പരിധിയില്ലാതെ മുഴുവൻ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഓർഡിനറി ബസുകളിലെ യാത്ര പൂർണ്ണമായും സൌജന്യമായിരിക്കും.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിയ്ക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു വർഷത്തിൽ ഇത് ഏകദേശം 800 കോടിയോളം രൂപ വരും. ഈ തുക മുഴുവൻ സർക്കാർ കെ.എസ്.ആർ.ടി.സിയ്ക്ക് സബ്‌സിഡിയായി നൽകും. നിലവിൽ സർക്കാർ നൽകിപ്പോരുന്ന 1500 കോടി രൂപയുടെ സഹായത്തിന് പുറമെയായിരിക്കും ഈ തുക അനുവദിക്കുക.
ആറ് മാസത്തിനകം കെ.എസ്.ആർ.ടി.സി വരുമാനം വർദ്ധിപ്പിക്കണമെന്നും, അതിനുശേഷമായിരിക്കും പദ്ധതി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലബാർ ജില്ലകളിൽ നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് 28 ശതമാനം മാത്രമാണ് ഉള്ളത്. പുതിയ സംവിധാനം ഏർപ്പെടുത്തുമ്പോൾ അതിനെക്കുറിച്ച് വിശദമായി പഠിച്ച് കുറവുകൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങളുടെ ഭാഗമായി അഡ്വ. അനൂപ് ബി. നായരെ പുതിയ സ്‌റ്റേറ്റ് അറ്റോർണിയായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.




