അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പുതിയ പിന്‍ഗാമിയാവുമെന്ന് പറഞ്ഞുകേള്‍ക്കുന്ന പേരാണ് ഷഹബാസ് ഷരീഫ്. പാക് ദേശീയ അസംബ്ലിയിലെ പ്രതിപക്ഷനേതാവാണ് പാകിസ്താന്‍ മുസ് ലിം ലീഗ്-നവാസ്(പിഎംഎല്‍-എന്‍)പ്രസിഡന്റ് കൂടിയായ ഷഹബാസ് ഷരീഫ്.
ഇന്നലെ അര്‍ധരാത്രിവരെ പിന്നിട്ട നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കു ശേഷമാണ് അവിശ്വാസപ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നത്. അതേസമയം ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പിടിഐ അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും പ്രതിപക്ഷ സഖ്യം 374 വോട്ടുകളില്‍ 174 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നുച്ചയ്ക്കു ശേഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരികയും ഷഹബാസ് ഷരീഫിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തത്.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് നേരത്തേ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ പരിഗണിക്കുന്ന കാര്യം വ്യക്തമാക്കിയത്. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനായ ഷഹബാസ് ഷരീഫ് 1950ലാണ് ജനിച്ചത്. ലാഹോര്‍ ?ഗവ. കോളജ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം കരസ്ഥമാക്കിയ ഷഹബാസ് കുടുംബത്തിന്റെ സ്റ്റീല്‍ ബിസിനസിലും കൈവച്ചിട്ടുണ്ട്.
1985ല്‍ ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റായി. 1988ല്‍ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയില്‍ അം?ഗമായി. 1990ല്‍ ദേശീയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ പഞ്ചാബ് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി. 1997 തിരഞ്ഞെടുപ്പിലാണ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായത്. 1999ലെ പര്‍വേസ് മുഷര്‍റഫിന്റെ പട്ടാള അട്ടിമറിയില്‍ ഭരണം നഷ്ടമായെങ്കിലും 2008ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
സഹോദരനായ നവാസ് ഷരീഫിനെ പനാമ പേപ്പേഴ്‌സിന്റെ പേരില്‍ പ്രധാനമന്ത്രിപദത്തില്‍ നിന്ന് അയോ?ഗ്യനാക്കിയതിനു പിന്നാലെയാണ് ഷഹബാസ് ഷരീഫ് പിഎംഎല്‍-എന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നവാസ് ഷരീഫിനെ പോലെ നിരവധി അഴിമതിക്കുറ്റങ്ങള്‍ ചുമത്തപ്പെട്ട വ്യക്തി കൂടിയാണ് ഷഹബാസ് ഷരീഫ്. 2019 ഡിസംബറില്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി) ഷഹബാസ് ഷരീഫിന്റെയും മകന്‍ ഹംസയുടെയും ഉടമസ്ഥതയിലുള്ള 23 വസ്തുവകകള്‍ മരപ്പിച്ചിരുന്നു. 2020 സപ്തംബറില്‍ എന്‍എബി ഷഹബാദ് ഷരീഫിനെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിലില്‍ ലാഹോര്‍ ഹൈക്കോടതിയാണ് ഷഹബാസ് ഷരീഫിന് ജാമ്യം നല്‍കിയത്.
പാകിസ്താന്റെ സുപ്രധാന പ്രവിശ്യയായ പഞ്ചാബില്‍ മൂന്നു തവണ ഷഹബാസ് ഷരീഫ് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 2018 ആഗസ്തില്‍ പ്രധാനമന്ത്രി പദത്തിന് ഷഹബാസ് ഷരീഫ് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ബിലാവല്‍ ഭൂട്ടോയുടെ പിപിപി വോട്ടിങ്ങില്‍ നിന്നു വിട്ടുനിന്നതിനാല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവായി ചുമതലവഹിച്ചുവരികയായിരുന്നു ഷഹബാസ് ഷരീഫ്.