കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയതിൽ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് അറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു.
കായികമേള നടത്തിപ്പിനായി കണ്ണൂർ ഒരുങ്ങുന്നതിനിടെയാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലാണ് കണ്ണൂരിനെ അടുത്ത വേദിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പതാകയും കൈമാറിയിരുന്നു.
എന്നാൽ സർക്കാർ മാറിയതിന് പിന്നാലെയാണ് കോഴിക്കോട് എൻഐടിയെ പ്രധാന വേദിയാക്കി കായികമേള നടത്താൻ തീരുമാനിച്ചത്. വേദി മാറ്റുന്ന കാര്യത്തിൽ തങ്ങൾക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും തീരുമാനത്തിന് കാരണം വ്യക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
അതേസമയം, സൗകര്യങ്ങൾ കണക്കിലെടുത്താണ് കായികമേള കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. കണ്ണൂരിൽ കായികമേള നടത്താൻ തീരുമാനിച്ചിരുന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിന് താൽപര്യമുണ്ടെങ്കിൽ അടുത്ത തവണ കായികമേള നടത്താമെന്നാണ് വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും പ്രതികരിച്ചത്. ഒക്ടോബർ 24 മുതൽ 29 വരെയാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേള നടക്കുക. വേദിമാറ്റവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പ്രതിഷേധവും രാഷ്ട്രീയ ചർച്ചകളും ശക്തമാകുകയാണ്.




