ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ഫുട്‌ബോൾ ടീമിന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന് വൻതുക അമേരിക്കൻ സർക്കാരിന് നികുതിയായി നൽകേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ.
ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയ സ്‌പെയിന് ലഭിച്ച 5 കോടി ഡോളർ സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം വരെ അമേരിക്കൻ റവന്യൂ സർവീസായ ഐ.ആർ.എസ് ഫെഡറൽ നികുതിയായി ഈടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മത്സരങ്ങൾ അമേരിക്കയിൽ നടന്നതിനാൽ അവിടെ ലഭിക്കുന്ന വരുമാനത്തിന് ഫെഡറൽ നികുതി ഈടാക്കാൻ യു.എസ് നിയമം അനുവദിക്കുന്നുണ്ട്. ഇതിന് പുറമെ മത്സരങ്ങൾ നടന്ന സംസ്ഥാനങ്ങളിലെ നികുതിയും ബാധകമാകും. ഫൈനൽ നടന്ന ന്യൂജേഴ്‌സിയിൽ 10.75 ശതമാനവും, മത്സരങ്ങൾ നടന്ന കാലിഫോർണിയയിൽ 13.3 ശതമാനം വരെയും സംസ്ഥാന വരുമാന നികുതി ഈടാക്കാൻ വ്യവസ്ഥയുണ്ട്.
മുൻ ലോകകപ്പ് വേദികളിൽ ഫിഫയ്ക്കും ടീമുകൾക്കും കളിക്കാർക്കും നികുതി ഇളവ് നൽകിയിരുന്നെങ്കിലും, ഇത്തവണ അത്തരം ഇളവുകളില്ല. ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാർക്ക് നൽകാതെ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകൾക്കാണ് കൈമാറുക. പിന്നീട് ഫെഡറേഷനുകൾ അത് കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനും വിതരണം ചെയ്യും. ഫെഡറേഷനുകൾക്ക് നികുതിയിളവുണ്ടെങ്കിലും കളിക്കാർക്ക് ലഭിക്കുന്ന വിഹിതം വ്യക്തിഗത വരുമാന നികുതിക്ക് വിധേയമാകും.
അമേരിക്കയും സ്‌പെയിനും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാറുണ്ടെങ്കിലും, ഇത്രയും വലിയ സമ്മാനത്തുകയെ പൂർണമായും അത് ബാധിക്കില്ല. കൂടാതെ സ്‌പെയിനിലെ ആഭ്യന്തര നികുതി നിയമങ്ങളും ബാധകമാകുന്നതിനാൽ കളിക്കാർക്ക് ലഭിക്കുന്ന അന്തിമ തുകയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിദേശ കായികതാരങ്ങളുടെ സമ്മാനത്തുകയിൽ നിന്ന് വൻ നികുതി ഈടാക്കുന്ന അമേരിക്കൻ നിലപാടിനെതിരെ വിമർശനം ശക്തമാകുകയാണ്. യു.എസ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ടിം ബർചെറ്റ് ഉൾപ്പെടെയുള്ള നേതാക്കൾ നടപടിയെ വിമർശിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിലും അമേരിക്കയുടെ നികുതി നയത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.




