പെരുമ്പാവൂർ: വേണാട് രാജ്യത്തിന്റെ ചരിത്ര വ്യാപ്തി വ്യക്തമാക്കുന്ന നിർണായക തെളിവായി അശമന്നൂരിൽ വീരക്കൽ ലിഖിതം കണ്ടെത്തി.
എ.ഡി 13-14-ാം നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ പ്രദേശം വരെ വ്യാപിച്ചിരുന്നതിന് തെളിവാകുന്ന ശിലാലിഖിതമാണ് കണ്ടെത്തിയത്. അശമന്നൂരിലെ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് വീരക്കൽ കണ്ടെത്തിയത്.
ലിഖിതത്തിലെ പരാമർശം അനുസരിച്ച്, രാജാവിന്റെ അംഗരക്ഷകനായിരുന്ന വേണാട്ടിലെ വീരൻ ചേകൻ വീരമൃത്യു വരിച്ച സ്ഥലമാണ് ഇതെന്ന് ചരിത്രകാരന്മാർ വ്യാഖ്യാനിക്കുന്നു.
തൃപ്പൂണിത്തുറ ഹിൽപാലസിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ ഡോ. എം.ആർ. രാഘവവാരിയരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ലിഖിതം പരിശോധിച്ചു.
“തിരുവടിയെ തിരുവടി കാപ്പുകൊണ്ട് വേണാട്ടു വീരൻ ചേകവൻ പട്ട നിലം” എന്ന് വായിക്കാവുന്ന ഈ ശിലാലിഖിതത്തിന് വലിയ ചരിത്ര പ്രാധാന്യമുണ്ടെന്നും പുരാവസ്തു വകുപ്പ് ഇത് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും ഡോ. രാഘവവാരിയർ അറിയിച്ചു.
രാജാവിന്റെ പേര് രേഖപ്പെടുത്തിയിരുന്ന ഭാഗം കാലപ്പഴക്കത്തെ തുടർന്ന് മാഞ്ഞുപോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിനെയും കർണാടകത്തെയും അപേക്ഷിച്ച് കേരളത്തിൽ വീരക്കൽ ലിഖിതങ്ങൾ അപൂർവമാണെന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ് പറഞ്ഞു. ലിപിശൈലി പരിശോധിക്കുമ്പോൾ ഇത് 13-14-ാം നൂറ്റാണ്ടിലേതാണെന്നാണ് വിലയിരുത്തൽ. ഈ കാലഘട്ടത്തിൽ വേണാടിന്റെ അധികാരം പെരുമ്പാവൂർ മേഖല വരെ വ്യാപിച്ചിരുന്നുവെന്ന സൂചനയും ലിഖിതം നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ പ്രാദേശിക ചരിത്ര പൈതൃകം കണ്ടെത്തുന്നതിനുള്ള ‘ഡിസ്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിനിടെയാണ് കണ്ടെത്തൽ.
പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രമാണ് ഭൂമിക്കടിയിലെ പാറയിൽ കൊത്തിയ ശിലാലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പിനെ അറിയിച്ചത്.
തുടർന്ന് ഡോ. എം.ആർ. രാഘവവാരിയരുടെയും ഇസ്മായിൽ പള്ളിപ്രത്തിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ചരിത്ര ഗവേഷണ രംഗത്ത് ഏറെ പ്രാധാന്യമുള്ള കണ്ടെത്തലായാണ് വീരക്കൽ ലിഖിതത്തെ വിലയിരുത്തുന്നത്.




