തിരുവനന്തപുരം: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. കോൺഗ്രസിനെ എല്ലാക്കാലത്തും വേട്ടയാടിയ പ്രത്യയശാസ്ത്ര ശൂന്യത ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് എഐസിസി ആസ്ഥാനത്തെ സംഭവമെന്ന് റഹീം ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിച്ചത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും പുറത്തുവരുന്ന വിവരങ്ങൾ അങ്ങനെയല്ലെന്ന് റഹീം പറഞ്ഞു.
കേരളം ഒഴികെയുള്ള കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐസിസി ആസ്ഥാനത്ത് കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും റഹീം പരിഹസിച്ചു. കോൺഗ്രസ് ഗാന്ധിയെയും നെഹ്റുവിനെയും ടാഗോറിനെയും മറന്നുവെന്നും അതാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും എഐസിസി ആസ്ഥാനത്തും കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ഗണഗീതം അടക്കം പാടിയെന്നും എ.എ. റഹീം പറഞ്ഞു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചത്. വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് നേരത്തെ സ്വീകരിച്ചിരുന്നത്.
ആലാപനത്തിനിടെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെടാൻ ശ്രമിച്ചെങ്കിലും ഗാനം പൂർണമായി ആലപിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. സംഘാടക തലത്തിലെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന സൂചനകളും പുറത്തുവന്നു. കോൺഗ്രസ് പ്രവർത്തകരല്ല, പുറത്തുനിന്ന് നിയോഗിച്ച ഗായകരാണ് വന്ദേമാതരം ആലപിച്ചതെന്നും ഇവർക്ക് കൃത്യമായ നിർദേശം നൽകാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വിശദീകരണമുണ്ട്. അതേസമയം, കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിലും കോൺഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് എ.എ. റഹീം വിമർശിച്ചു.




