മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ല നിശ്ചലമാകും. ഞായര്‍ രാത്രി 12 മുതല്‍ ചൊവ്വ രാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന പണിമുടക്കില്‍ എല്ലാ മേഖലയും അണിചേരും. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.
മോട്ടോര്‍, ചുമട്, ഫാക്ടറി, കമ്പനി തൊഴിലാളികള്‍, അധ്യാപകര്‍, സംസ്ഥാന– കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, തപാല്‍, ബിഎസ്എന്‍എല്‍, വ്യാപാരികള്‍ അടക്കം സമസ്ത മേഖലയിലുള്ളവരും പണിമുടക്കിന്റെ ഭാഗമാകും.
പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ ശനിയാഴ്ച വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെയും നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടന്നു.
പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകരും ജീവനക്കാരും മലപ്പുറത്ത് പ്രകടനം നടത്തി.
ഞായറാഴ്ച വൈകിട്ട് തൊഴിലാളികള്‍ പ്രധാന കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പണിമുടക്ക് ദിവസങ്ങളില്‍ സമര കേന്ദ്രങ്ങളില്‍ രാവിലെ ഒമ്പതിന് പ്രകടനം നടക്കും. ആശുപത്രി, ആംബുലന്‍സ്, മരുന്നുകട, പാല്‍, പത്രം അടക്കമുള്ള അവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.