77ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ 7.15 എത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. മെയ്‌തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ എത്തിയത്. 75ാം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ച ആസാദിക്കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും. ചെങ്കോട്ടയിലെ ആഘോഷവേദിയില്‍ പങ്കെടുക്കുന്ന 1800 വിശിഷ്ടാഥിതികളില്‍ 8 മലയാളി ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്.
തിരുവന്തപുരത്ത് 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ സേനാ പരേഡുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.