കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസയെന്ന യുവതി ജീവനൊടുക്കിയസംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. മർദനത്തെക്കുറിച്ചോ ആസിഫിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചോ തങ്ങൾക്ക് യാതൊന്നും അറിവില്ലെന്നാണ് ഇരുവരും പോലീസിന് നൽകിയ മൊഴി.
കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. ആസിഫ് റിസയെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും, മകൻ ലഹരി ഉപയോഗിക്കാറുള്ളതായി അറിവില്ലെന്നുമാണ് ഇരുവരും പോലീസിനോട് ആവർത്തിച്ചത്.
കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ആസിഫ് അന്ന് തന്നെ വിദേശത്തേക്ക് കടക്കുകയായിരുന്നു. റിസ ഗാർഹിക പീഡനത്തിനും ഭർത്താവിന്റെ ക്രൂരമായ മർദനത്തിനും ഇരയായിട്ടുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് ഇപ്പോൾ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ മൊഴി വിശ്വാസയോഗ്യമാണോയെന്നും മറ്റ് തെളിവുകൾ എന്തൊക്കെയെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.




