കോഴിക്കോട്: റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ ചാക്കുകണക്കിന് പുതിയ മൊബൈൽ ഫോൺ പൗച്ചുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ 8/2 അക്വഡേറ്റ് റോഡിലെ വെള്ളപ്പൊലിത്താഴത്ത് ആളൊഴിഞ്ഞ ഭാഗത്താണ് പൗച്ചുകൾ കണ്ടെത്തിയത്.
കവറുകൾ പോലും പൊട്ടിക്കാത്ത പുതിയ മോഡൽ മൊബൈൽ ഫോൺ പൗച്ചുകളാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്. ഇവ ഏതെങ്കിലും മൊബൈൽ ഫോൺ കടയിൽ നിന്ന് മോഷ്ടിച്ചവയാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹത ഇതിന് പിന്നിലുണ്ടോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ചാക്കിലധികം സാധനങ്ങൾ ഇപ്പോഴും റോഡരികിൽ കിടക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ അപരിചിതമായ വാഹനങ്ങൾ പ്രദേശത്ത് സ്ഥിരമായി വന്നുപോകുന്നതായും നാട്ടുകാർ പറയുന്നു.
പരാതിയെ തുടർന്ന് കാക്കൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.




