തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്ത് നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം ഇതിനോടകം തന്നെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്നാണ് മന്ത്രിയുടെ ആവശ്യം.
ദേവസ്വം വിജിലൻസ് എസ്പിയും സെക്രട്ടറിയും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട ഒരു കമ്പനിക്ക് ശബരിമലയിൽ നെയ്യ് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി കത്തിൽ വ്യക്തമാക്കുന്നു. നിലവിലുള്ള വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരാത്ത മറ്റ് വിഷയങ്ങൾ കൂടി പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.




