ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രധാനമന്ത്രിക്ക് തുറന്ന കത്ത് നൽകി. ഓരോ കുടുംബത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും ദീപ്കെ കത്തിൽ പറയുന്നു. മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുത്തിരുന്നുവെന്നും പലരും ലോണുകൾ എടുത്ത് പഠനച്ചെലവ് നിറവേറ്റിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഭാരമേറിയ ഹൃദയത്തോടെ ഈ കത്ത് എഴുതുന്നു” എന്ന് ആരംഭിക്കുന്ന കത്തിൽ, രാജ്യത്തിന്റെ ഭാവിക്ക് തന്നെ ഭീഷണിയായിരിക്കുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രതിസന്ധിയിലേക്ക് ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
കഴിഞ്ഞ ആഴ്ചകളിൽ മാത്രം 11 വിദ്യാർത്ഥികൾ ജീവനൊടുക്കിയതായും, കഴിഞ്ഞ 48 മണിക്കൂറിനിടെ 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കത്തിൽ പരാമർശിക്കുന്നു. പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സമ്മർദ്ദവും വിദ്യാർത്ഥികളിൽ ഗുരുതര മാനസിക ആഘാതം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന സംഭവങ്ങൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ച് ദേശീയതലത്തിൽ ചർച്ചകൾ ശക്തമാകുകയാണ്.




