കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ചേർന്ന് ഒരു മിനിറ്റിനകം പിരിയുകയും സഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെക്കുകയും ചെയ്തു.
പാർലമെന്റ് സമ്മേളനം ആരംഭിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഹാജരായിരുന്നില്ല. ഉത്തരം പറയേണ്ടവർ എവിടെയെന്ന് ചോദിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന വിവാദവും സമരക്കാർക്കെതിരായ നടപടികളും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി.
രാജ്യസഭയിലും അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. അതേസമയം, പ്രതിപക്ഷത്തിന്റെ നടപടികളെ വിമർശിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി. എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെങ്കിലും പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുകയാണെന്നും, മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയ പൊതുപരീക്ഷ നിയമ ഭേദഗതി ബിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് മകർ കവാടത്തിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ സമരക്കാർക്കെതിരായ ആക്രമണത്തിന് ഉത്തരവിട്ടത് ആരാണെന്ന് ചോദിച്ചുള്ള ബാനറുകളും പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടി.




