ശബരിമലയിൽ മിൽമയുടെ പേരിൽ നിലവാരമില്ലാത്ത നെയ്യ് എത്തിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരുടെ പങ്ക് സംബന്ധിച്ച് ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. മിൽമ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിലെ ചില ജീവനക്കാർ സഹായിച്ചുവെന്നും, ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട വിവരം ദേവസ്വം ബോർഡ് ഭരണസമിതിക്കും മിൽമ ഭരണസമിതിക്കും ലഭിച്ചിരുന്നെങ്കിലും സമഗ്ര അന്വേഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.
മിൽമ ജീവനക്കാരെ സഹായിച്ചെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തിലേറെ ലിറ്റർ നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ വിതരണം ചെയ്തതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
സംഭവത്തിൽ ഉണ്ടായ സാമ്പത്തിക നഷ്ടം പരിശോധിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്താൻ ദേവസ്വം സെക്രട്ടറിക്കും മന്ത്രി ചുമതല നൽകിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കുന്നു. ഒന്നരലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും, ഇതുമൂലം മിൽമയ്ക്ക് 85 ലക്ഷം രൂപയിലധികം സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.




